എഴുത്തിനെപ്പറ്റി ഉംബർട്ടോ എക്കോ പറയുന്നത്
ഉമ്പർട്ടോ ഇക്കോ (Umberto Eco) ഒരു ഇറ്റാലിയൻ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ 'റോസിന്റെ പേര്' എന്ന അന്വേഷണാത്മക നോവൽ ഈയിടെ വായിച്ചു. നോവലിനവസാനം എഴുത്തിനെപ്പറ്റി അദ്ദേഹം ചിലതു പറയുന്നതു രസകരമായി തോന്നി. ഞാനത് മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തി. പരിഭാഷ ചുവടെ.
എനിയ്ക്കൊരു നദി വേണമെന്നു കരുതുക. നദിയ്ക്ക് രണ്ടു കരകൾ വേണം. ഒരു കരയിൽ ഞാനൊരു മീന്പിടുത്തക്കാരനെ നിർത്തുന്നു. അയാളെ ഞാനൊരു ദേഷ്യക്കാരനും ചില പോലീസ് കേസുകളിൽ പെട്ടവനുമാക്കുന്നു. ഇനി സ്വാഭാവികമായി നടക്കാനിടയുള്ള കാര്യങ്ങൾ ചിന്തിച്ചാൽ എനിയ്ക്ക് എഴുതാൻ തുടങ്ങാം.
മീൻപിടുത്തക്കാരനെന്താണ്ചെയ്യുന്നത് ? മീൻ പിടിക്കുന്നു (മീൻപിടിക്കുമ്പോചെയ്യുന്ന കാര്യങ്ങൾ എന്തായാലും ഇവിടെ വിവരിയ്ക്കേണ്ടി വരും).
പിന്നെന്തുസംഭവിക്കുന്നു ?
മീൻകൊത്തുകയോ കൊത്താതിരിക്കുകയോ ചെയ്യാം.
മീൻ കൊത്തിയാൽ അയാളതു വീട്ടിലേക്ക് കൊണ്ടുപോവുന്നു. കഥ കഴിഞ്ഞു.
മീനില്ലെങ്കിൽ, ദേഷ്യക്കാരനായ സ്ഥിതിയ്ക്ക് ആയാൾക്ക് വല്ലാതെ ദേഷ്യം വന്നെന്ന് വരാം. ദേഷ്യം കൊണ്ട് ചൂണ്ട തല്ലിപ്പൊട്ടിക്കാം.
കൂടുതലൊന്നും ഇതിലില്ല, പക്ഷേ ഇതിനോടകം തന്നെ ഒരു കഥ രൂപപ്പെട്ടു വരുന്നത് കാണാം.
ഒരുഅമേരിക്കൻ ഇന്ത്യൻ പഴഞ്ചൊല്ലുണ്ട്, "നദിക്കരയിൽ കുറേ നേരം കാത്തിരിക്കൂ; നിങ്ങളുടെ ശത്രുവിന്റെ ശവം ഒഴുകിപ്പോവുന്നത് കാണാം."
ആ മൃത ദേഹം താഴേയ്ക്ക് വന്നാലോ? ഒരു നദി പോലെ ധാരാളം പാഠാന്തരങ്ങൾ കല്പിക്കാവുന്നൊരിടത്തു ആ സാധ്യത തള്ളിക്കളയാനാവില്ല. നമ്മുടെ മീൻപിടുത്തക്കാരന് പൊലീസുമായി അത്ര നല്ല ബന്ധമല്ലെന്നതും മനസിൽ കരുതണം.
മന:പൂർവ്വം ഒരു പ്രശ്നത്തിനയാൾ മുതിരുമോ? അയാളെന്താവും ചെയ്യുക?
മൃതദേഹം കണ്ടിട്ടേയില്ലെന്നു നടിച്ച് ആയാളവിടുന്നു ഓടിപ്പോവുമോ? അതോ പ്രശ്നത്തിലാവുമെന്ന തോന്നൽ അയാൾക്കുണ്ടാവുമോ? എതിരാളിയുടെ മൃതദേഹമല്ലേ ഒഴുകി വരുന്നത്.
ഒരു ദേഷ്യക്കാരനായത്കൊണ്ട്, ശത്രുവിനെ നേരിട്ട് വക വരുത്താൻ സാധിയ്ക്കാത്തതിൽ അയാൾ കലി തുള്ളുമോ ?
കണ്ടില്ലേ, ഭാവനയിലെ ലോകത്തെ കുറച്ചൊന്നു വർണിച്ചാൽ ഒരു കഥയുടെ തുടക്കമായി.
കുറേശ്ശെ ഒരു ശൈലിയും രൂപപ്പെട്ടു വരുന്നത് കാണാം. മീൻ പിടിയ്ക്കുന്നത് നദിയിലെ ഒഴുക്കിനനുസൃതമായി ഒരു പതിഞ്ഞ താളത്തിൽ വേണം. ഇടയ്ക്കിടെ അയാളുടെ പൊട്ടിത്തെറികൾ കൊണ്ട് അതിനു ഭംഗം വരും.
ഒരു ലോകം സൃഷ്ടിക്കാനാണ് വിഷമം. വാക്കുകൾ തനിയെ വന്നോളും.
Rem tene, verba sequentur: വിഷയത്തെ മനസ്സിലാക്കിയാൽ വാക്കുകൾ താനെ വന്നു ചേരും.
കവിതയിൽ സംഭവിയ്ക്കുന്നത് നേരെ മറിച്ചാണെന്നാണ് ഞാൻ കരുതുന്നത്.
verba tene, res sequentur: വാക്കുകളെ മനസ്സിലാക്കിയാൽ വിഷയം താനെ വന്നു ചേരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ